രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനമായി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇതിന് അനുമതി നൽകി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. റെയിൽവേ അപകടങ്ങളും ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരം ലഭിച്ചത്. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും കാമറകൾ സ്ഥാപിക്കും. റെയിൽവേയുടെ സിസിടിവി കാമറ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് പദ്ധതി ദേശീയതലത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്.
ഓരോ കോച്ചുകളിലും നാല് വാതിലുകൾക്ക് സമീപം നാല് കാമറകൾ സ്ഥാപിക്കും. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി കോച്ചുകളിലെ പൊതു ഇടങ്ങളിൽ മാത്രമാകും കാമറകൾ സ്ഥാപിക്കുക. എഞ്ചിനുകളിൽ നാല് വശങ്ങളിലായി നാല് കാമറകൾ സ്ഥാപിക്കുന്നതാണ്.
എഞ്ചിനുകളിലെ ക്യാബിനുകളിൽ ലോക്കോ പൈലറ്റുമാരുടെ ശബ്ദം രേഖപ്പെടുത്താനായി രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോഫോണുകളും ഘടിപ്പിക്കും. ഇത് റെയിൽവേ അപകടങ്ങൾ പോലുള്ള സംഭവങ്ങളിൽ അന്വേഷണത്തിന് സഹായകമാകും. നൂറു കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിക്കുമ്പോഴും കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ദൃശ്യങ്ങൾ ലഭിക്കുന്ന കാമറകളാണ് സ്ഥാപിക്കുക എന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകളിൽ സ്ഥാപിക്കുന്ന കാമറകൾ 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ളതും സ്വകാര്യത സംരക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും കഴിയുന്ന AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയുമായിരിക്കും.
ഇന്ത്യൻ റെയിൽവേയിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും കുറ്റകൃത്യങ്ങൾ തടയാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
Story Highlights : Decision to install CCTV cameras in Indian Railways
Story Highlights: രാജ്യത്തെ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.