റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ ബോർഡ്. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമപ്രകാരം, ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്ന സമയപരിധിയാണ് ഇപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. യാത്രക്കാരെ സഹായിക്കാനാണ് ഈ മാറ്റമെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ, ഇതുമൂലം വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണ് സൂചന.
വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. ഒക്ടോബർ 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കും. 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് ഈ നിയമത്തിൽ മാറ്റം വരുത്തിയത്.
അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ വെയ്റ്റിംഗ് ലിസ്റ്റുകളുടെ ദീർഘകാല പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പടെ ഐആർസിടിസി നിരവധി മാറ്റങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ടിക്കറ്റ് ബുക്കിംഗ് മുതൽ യാത്രാ ആസൂത്രണം വരെയുള്ള സേവനങ്ങൾ ഉൾപ്പെടുന്ന റെയിൽവേ സൂപ്പർ ആപ്പ് പുറത്തിറക്കാനും പദ്ധതിയുണ്ട്. കൂടാതെ, ട്രെയിനുകളിലെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും സ്ലീപ്പർ യാത്രകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും AI-പ്രാപ്തമാക്കിയ ക്യാമറകൾ നടപ്പിലാക്കാനും ഉദ്ദേശിക്കുന്നു.
Story Highlights: Indian Railways reduces advance ticket booking period from 120 days to 60 days, effective November 1