കാനഡയിലെ എഡ്മണ്ടനിൽ ഇന്ത്യൻ വംശജനായ 20 കാരൻ വെടിയേറ്റ് മരിച്ച സംഭവം വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഹർഷൻദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 12:30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ഒരു അപ്പാർട്ട്മെൻറ് കെട്ടിടത്തിനുള്ളിൽ വെടിവയ്പ്പുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 107 അവന്യൂവിലെ സ്റ്റെയർവെല്ലിൽ പ്രതികരണശേഷിയില്ലാത്ത നിലയിൽ ഹർഷൻദീപ് സിംഗിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് എഡ്മൻറൺ പൊലീസ് സർവീസ് (ഇപിഎസ്) രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മൂന്നംഗ സംഘത്തിലെ ഒരാൾ ഹർഷൻദീപ് സിംഗിനെ പടവുകളിൽ നിന്ന് താഴേക്ക് തള്ളുന്നതും മറ്റൊരാൾ പിന്നിൽ നിന്ന് വെടിവയ്ക്കുന്നതും കാണാം.
ഒരാഴ്ചയ്ക്കുള്ളിൽ കാനഡയിൽ ഇന്ത്യൻ വംശജർക്കെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
Story Highlights: 20-year-old Indian-origin security guard shot dead in Canada, second such incident in a week.