രാജ്യത്ത് വരുംകാല സാമ്പത്തിക വിനിമയ ആവശ്യങ്ങൾക്കായി എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടാതെ ഡിജിറ്റൽ ബാങ്കിംഗ് എല്ലാ സാമ്പത്തിക കേന്ദ്രങ്ങളിലും ഉറപ്പുവരുത്തണമെന്നും ധനമന്ത്രി നിർദ്ദേശിച്ചു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 74ആം വാർഷിക സമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പരാമർശിച്ചത്.
രാജ്യത്തെ ബാങ്കിംഗ് ശേഷി വർധിപ്പിക്കണമെന്നും എസ്ബിഐ പോലുള്ള മൂന്നോ നാലോ വൻകിട ബാങ്കുകൾ കൂടി രാജ്യത്ത് വേണമെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ പണമിടപാട് നടത്താൻ പൊതുമേഖലാ ബാങ്കുകൾ ഉപകരിച്ചെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കാനും സാങ്കേതിക തലത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബാങ്കുകൾക്ക് കഴിയണമെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.
ബാങ്ക് ഓഫീസുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബാങ്കിങ് സേവനം ഉറപ്പുവരുത്തണം.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ ഏറെ നിർണായകമായ പുനർ ക്രമീകരണത്തിലൂടെ കടന്നുപോകവെ ബാങ്കുകൾ എല്ലാവിധ പിന്തുണയും നൽകി സഹായിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭ്യർത്ഥിച്ചു.
Story Highlights: India needs More Banks like SBI