നെടുങ്കണ്ടം◾: രാത്രിയിൽ നടത്തിയ എക്സൈസ് പരിശോധനയിൽ പത്ത് ലിറ്റർ ചാരായം പിടികൂടി. മാവറസിറ്റി കോലംകുഴിയിൽ മാത്യു ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മൈലാടുംപാറയ്ക്ക് സമീപം കരിമലയിൽ ജീപ്പിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ചാരായമാണ് പിടിച്ചെടുത്തത്. ഉത്സവ സീസണും അവധിക്കാലവും കണക്കിലെടുത്ത് അതിർത്തി മേഖലയിൽ വ്യാജമദ്യ നിർമ്മാണം വ്യാപകമാകുമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.
പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം ഉൽപാദിപ്പിച്ച് വൻതോതിൽ വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. തോട്ടം മേഖലയിൽ ഇയാൾ മുൻപും വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളുടെ തോട്ടവും ഗോഡൗണുകളും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. സഹായികൾ ഉണ്ടോ എന്നും അന്വേഷിക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉടുമ്പഞ്ചോലയിൽ പിടികൂടുന്ന നാലാമത്തെ ചാരായ കേസാണിത്. കഴിഞ്ഞ ദിവസം അഞ്ച് ലിറ്റർ ചാരായവും 200 ലിറ്റർ കോടയും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
Story Highlights: 10 liters of illicit liquor seized, and one person arrested during an excise raid in Nedumkandam.