നെടുങ്കണ്ടത്ത് വൻ ചന്ദന വേട്ടയുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായി. പ്രത്യേക അന്വേഷണസംഘം ചോറ്റുപാറ സ്വദേശിയായ അങ്കിൾ എന്നറിയപ്പെടുന്ന ബാബു, തൂക്കുപാലം സ്വദേശികളായ എസ് അജികുമാർ, സച്ചു ബാബു, എസ് ഷിബു എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 12 ലക്ഷം രൂപ വിലമതിക്കുന്ന 55 കിലോ ഉണക്ക ചന്ദന കാതൽ കണ്ടെടുത്തു.
കേസിലെ പ്രധാന പ്രതി കർണാടകയിലേക്ക് കടന്നതായാണ് വിവരം. തമിഴ്നാട്ടിലെ ഇടനിലക്കാരെ കുറിച്ചും വനം വകുപ്പ് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ തണ്ടർബോൾട്ട് അംഗത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ പിടിയിലായത്.
ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ ബോർഡ് വെച്ച വാഹനത്തിൽ ചന്ദനം കടത്തിയ അഞ്ച് പേർ പിടിയിലായിരുന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. വാഹനത്തിൽ നിന്ന് 35 കിലോ ചന്ദനത്തടി പിടിച്ചെടുത്തു. ഒളവണ്ണ സ്വദേശി ഷാജുദ്ദീൻ, നല്ലളം സ്വദേശി നൗഫൽ, പന്തീരാങ്കാവ് സ്വദേശികളായ മണി, ശ്യാമപ്രസാദ്, അനിൽ എന്നിവരാണ് പിടിയിലായത്.
Story Highlights: Five arrested in major sandalwood smuggling operation in Nedumkandam, Idukki