ഇടുക്കിയില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ പ്രധാനി ആലപ്പുഴയില്‍ പിടിയില്‍

Anjana

Idukki bike theft gang arrest

ഇടുക്കിയിലെ വിവിധ മേഖലകളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനിയെ ആലപ്പുഴയില്‍ നിന്നും പിടികൂടി. തിരുവല്ല ചാത്തന്‍കരി പുത്തനപറമ്പില്‍ ശ്യാം എന്നയാളാണ് അറസ്റ്റിലായത്. മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പീരുമേട് സബ്ജയിലേക്ക് മാറ്റി.

കഴിഞ്ഞ ജൂലൈ മൂന്നിന് നെടുങ്കണ്ടത്തെ ബൈക്ക് ഷോറൂമില്‍ നിന്ന് മോഷ്ടാക്കള്‍ ബൈക്ക് അപഹരിച്ചു. വെള്ളത്തൂവലില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ നെടുങ്കണ്ടത്ത് എത്തിയ സംഘം പടിഞ്ഞാറെകവലയിലെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കൂടി മോഷ്ടിച്ചു. തുടര്‍ന്ന് ഉടുമ്പന്‍ചോല ഭാഗത്തേക്ക് പോയെങ്കിലും വെള്ളത്തൂവലില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് പാറത്തോട്ടില്‍ വച്ച് കേടായി. ഈ ബൈക്ക് അവിടെ ഉപേക്ഷിച്ച് അവശേഷിച്ച ബൈക്കില്‍ മൂവരും ആലപ്പുഴയിലേക്ക് കടന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞമാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്നും നമ്പര്‍പ്ലേറ്റ് ഇല്ലാതെ രണ്ടു പ്രതികള്‍ ഓടിച്ചു വന്ന ബൈക്ക് നാട്ടുകാര്‍ തടഞ്ഞു വച്ചു. എന്നാല്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷത്തില്‍ പ്രതികളില്‍ ഒരാള്‍ തിരുവല്ല ചാത്തന്‍കരി പുത്തനപറമ്പില്‍ ശ്യാം ആണെന്ന് വ്യക്തമായി. പുന്നപ്ര പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ നിന്നും മോഷ്ടിക്കുന്ന ബൈക്കുകള്‍ അന്യ ജില്ലകളിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ പതിവ് രീതി.

Story Highlights: Main suspect in Idukki bike theft ring arrested in Alappuzha, police search for two more suspects

Leave a Comment