ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ വ്യക്തികളെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ബിഗ് ബോസ് താരം ജിന്റോയുൾപ്പെടെ രണ്ട് പേരെയാണ് ചോദ്യം ചെയ്യുക. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചതായും അന്വേഷണം ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ബിഗ് ബോസ് മത്സരാർത്ഥിയായ തസ്ലിമയുമായി ജിന്റോയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിലെ വിജയിയാണ് ജിന്റോ.
അതേസമയം, നടൻ ഷൈൻ ടോം ചാക്കോയെ ലഹരി ചികിത്സാ കേന്ദ്രത്തിലാക്കുമെന്ന് എക്സൈസ് അറിയിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്.
എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുക. ലഹരി ചികിത്സയിൽ എക്സൈസ് മേൽനോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികിത്സ നടത്തിയതിൻ്റെ രേഖകൾ ഷൈനിന്റെ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Story Highlights: Big Boss star Jinto and two others from the film industry will be questioned in the hybrid cannabis case.