തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, 15 ദിവസത്തിനകം മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു. ആരുടെ അനാസ്ഥ കാരണമാണ് സംഭവം ഉണ്ടായതെന്ന് വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്.
ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ പിറ്റേന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. ഈ സംഭവം ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചയെ ചൂണ്ടിക്കാണിക്കുന്നു.