എറണാകുളം◾ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലാണ് എച്ച്ഐവി പടർന്നത്. യുവാക്കളിൽ ആറ് പേർ അതിഥി തൊഴിലാളികളും 4 പേർ മലയാളികളുമാണ്. ഇവരുമായി ബന്ധമുള്ള ഇരുപത്തിയഞ്ചോളം പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് തവനൂർ ജയിൽ അന്തേവാസികളിൽ നടത്താറുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബറിൽ അതിഥി തൊഴിലാളിയായ റിമാൻഡ് പ്രതിയ്ക്കാണ് ആദ്യം എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇയാളോട് വിശദമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച കൂട്ടുകാരനും എച്ച്ഐവി സ്ഥിരീകരിച്ചു. അയാളും പോസിറ്റീവ് ആയതോടെയാണ് വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന സംഘത്തിനായി പ്രത്യേക പരിശോധ ക്യാംപ് സംഘടിപ്പിച്ചത്.
സംഘത്തിലെ 10 പേരെ പരിശോധിച്ചതിൽ അഞ്ച് പേർക്കും എച്ച്ഐവി സ്ഥിരീകരിച്ചു. ഇതിനു ശേഷം ഇവരുമായി ബന്ധമുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംഘത്തിലെ കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചോ എന്നറിയാൻ അടുത്ത മാസം വീണ്ടും പരിശോധനാ ക്യാംപ് സംഘടിപ്പിക്കും.
ബ്രൗൺ ഷുഗർ കുത്തിവയ്ക്കാനാണ് സംഘം പ്രധാനമായും ഒരേ സിറിഞ്ച് ഉപയോഗിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. മറ്റു ചില രാസ ലഹരികളും ഉപയോഗിച്ചിട്ടുണ്ട്. കഞ്ചാവും നിരോധിത ലഹരി വസ്തുക്കളും സംഘം സ്ഥിരമായി ഉപയോഗിക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. വാർത്ത പുറത്തു വന്നതോടെ ഇവരുമായി ബന്ധപ്പെട്ടവർ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി പരിശോധനയ്ക്കു വിധേയരായി നിർദ്ദേശങ്ങൾ പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. അതേ സമയം എച്ച്ഐവി സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരിൽ ചിലർ പരിശോധനയ്ക്കു വരാൻ മടിക്കുമോയെന്നുള്ള ആശങ്കയും ആരോഗ്യ വകുപ്പ് പങ്ക് വയ്ക്കുന്നുണ്ട്.
എച്ച്ഐവി പരത്തുന്നതിൽ മുന്നിൽ ലഹരി
തിരുവനന്തപുരം◾ സംസ്ഥാനത്ത് എച്ച്എൈവി പരത്തുന്നതിൽ ലഹരി ഉപയോഗമാണ് പ്രധാന കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതൽ ലഹരിയിലൂടെ എച്ച്ഐവി എത്തുന്നത്. ആകെ എച്ച്ഐവി ബാധിതരിൽ 15 ശതമാനം പേരും 19– 25 പ്രായത്തിൽ ഉള്ളവരാണ്. അതിൽ 90 ശതമാനം പേർക്കും ലഹരി ഉപയോഗത്തിലൂടെയാണ് രോഗ ബാധയുണ്ടായതെന്നാണ് സ്ഥിരീകരണം. 2024 ൽ ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി ബാധയിലേക്ക് എത്തിയത് ആകെ ബാധിതരിൽ എട്ട് ശതമാനത്തിൽ താഴെ മാത്രമായിരുന്നു.
Story Highlights: Ten young men in Valanchery, Kerala, contracted HIV through shared needles while injecting drugs.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ