ആന്ധ്രാപ്രദേശിലെ കൃഷ്ണൻ ജില്ലയിലെ ഗുഡ്ലവല്ലേരു എഞ്ചിനീയറിംഗ് കോളജിൽ ഞെട്ടിക്കുന്ന സംഭവം. വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയും പണം വാങ്ങി ഈ ദൃശ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധം ആരംഭിച്ചു. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധം വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഇന്ന് രാവിലെ വരെ നീണ്ടു.
വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണമുണ്ട്. വിദ്യാർത്ഥിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഈ സംഭവം കോളജ് കാമ്പസിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.
Story Highlights: Hidden camera discovered in girls’ washroom at engineering college in Andhra Pradesh