പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് മാറ്റിവച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് 27-ലേക്ക് മാറ്റിയത്. ഈ കേസിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതി ചേർത്ത സർക്കാർ നടപടിയെ ഹൈക്കോടതിയും വിമർശിച്ചു. ഭരണഘടനാ പദവി വഹിച്ച വ്യക്തിയെ പ്രതി ചേർക്കുമ്പോൾ വസ്തുതകളും സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന വ്യാപകമായി 12 ഇടങ്ങളിൽ പരിശോധന നടത്തി. ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്, കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റ്, അനന്തു കൃഷ്ണന്റെ വീട്, എൻജിഒ കോൺഫെഡറേഷന്റെ ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടന്നു. ആനന്ദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
സി.എൻ. രാമചന്ദ്രൻ നായരെ പ്രതി ചേർത്തതിനെതിരെ ഒരു കൂട്ടം അഭിഭാഷകർ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. വാർത്താ പ്രാധാന്യത്തിന്റെ പേരിൽ ഭരണഘടനാ പദവി വഹിച്ചിരുന്ന വ്യക്തികളെ പ്രതി ചേർക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം നടപടികൾ ജനങ്ങളുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മനസ്സർപ്പിച്ചു തന്നെയാണ് കേസെടുത്തതെന്നായിരുന്നു സർക്കാരിന്റെ വാദം.
ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. പെരിന്തൽമണ്ണ പൊലീസാണ് പാതി വില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. പൊലീസിന്റെ അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ് രാമചന്ദ്രൻ നായർക്കെതിരായ കേസെന്നും ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻറ് ഡയറക്ടർ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Story Highlights: K.N. Anandakumar’s anticipatory bail in the half-price scam case has been postponed, and the High Court criticized the government for implicating Retd. Justice C.N. Ramachandran Nair.