അങ്കമാലി പോലീസ് ഒരു അതിഥി തൊഴിലാളിയില് നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള് സ്വദേശിയായ ഹസബുള് ബിശ്വാസാണ് പിടിയിലായത്. ബുധനാഴ്ച പുലര്ച്ചെ എറണാകുളം ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില് പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയെത്തിയ ഇയാളില് നിന്നാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
ഹസബുള്‍ ബിശ്വാസ് സഞ്ചരിച്ച ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഇയാളെയും ഓട്ടോ ഡ്രൈവറെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടന്തന്നെ ആശുപത്രി അധികൃതര് അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു.
ചെങ്ങമനാട് ഭാഗത്ത് അതിഥി തൊഴിലാളികള്ക്കിടയില് വില്പ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവാണിതെന്ന് അങ്കമാലി പൊലീസ് സബ് ഇന്സ്പെക്ടര് പ്രദീപ് കുമാര് പറഞ്ഞു. ആശുപത്രിയില് എത്തിയ പൊലീസ് നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: Angamaly police seized 3 kg of ganja from a West Bengal native guest worker injured in a road accident.