തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ 36 മണിക്കൂറിനു ശേഷം മലയാളി സമാജം പ്രവർത്തകർ കണ്ടെത്തി. ട്വന്റിഫോർ ന്യൂസിന്റെ അഭ്യർത്ഥന പ്രകാരം നടത്തിയ തിരച്ചിലിനിടെ താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ് പറഞ്ഞതനുസരിച്ച്, ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിന്റെ നിർദ്ദേശ പ്രകാരമാണ് ട്രെയിനിൽ തിരച്ചിൽ നടത്തിയത്.
അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് അതീവ ക്ഷീണിതയായ കുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയശേഷം ആർപിഎഫിന് കൈമാറി. പെൺകുട്ടിയെ കണ്ടെത്തിയതിൽ സഹോദരൻ സന്തോഷം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. വൈകുന്നേരം 4 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. പെൺകുട്ടി തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ കണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമിലേക്കുള്ള ട്രെയിനിൽ പെൺകുട്ടി ഉണ്ടാകുമെന്ന സാധ്യതയും പൊലീസ് പരിഗണിച്ചിരുന്നു.
Story Highlights: 13-year-old girl from Thiruvananthapuram found in train by Malayali Samajam activists after 36 hours