ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഇത്തവണ പരമ്പരാഗത പപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് നടക്കില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കാർണിവൽ കമ്മിറ്റി നേരിട്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. ഇതിൽ കാർണിവൽ റാലിയും ഉൾപ്പെടുന്നു.
ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ. മീര IAS ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് പുതുവത്സരാഘോഷവും പപ്പാഞ്ഞി കത്തിക്കലും നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം, പ്രാദേശിക കൂട്ടായ്മകൾ വെളി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാറ്റമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിൽ 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പൊലീസ് നിലപാട് എടുത്തിരുന്നു. ഒരേസമയം രണ്ട് പരിപാടികൾ നടന്നാൽ മതിയായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പപ്പാഞ്ഞിയെ നീക്കം ചെയ്യേണ്ടതെന്ന് വിശദീകരിക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പപ്പാഞ്ഞി കത്തിക്കുന്നതിന് അനുമതി നൽകിയാൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ എന്തു ചെയ്യുമെന്ന ആശങ്കയും കോടതി പങ്കുവച്ചു. ഇത്തരം സാഹചര്യത്തിൽ, പുതുവത്സര ആഘോഷങ്ങൾ സംബന്ധിച്ച് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Story Highlights: Death of Manmohan Singh leads to cancellation of traditional Pappanji burning in Fort Kochi