പുതുവർഷ പിറവിയോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വാഹന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഫോർട്ട് കൊച്ചിയിലേക്കുള്ള നേരിട്ടുള്ള ബസ് സർവീസ് നാളെ വൈകിട്ട് നാല് മണി വരെ മാത്രമായിരിക്കും. റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അനുവദനീയമല്ല. മെട്രോ സർവീസ് പുലർച്ചെ രണ്ടു മണി വരെ ഉണ്ടായിരിക്കും.
രാത്രി രണ്ട് മണി മുതൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വെളി ഗ്രൗണ്ടിൽ 80,000 പേർക്ക് നിൽക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിൽ കൂടുതൽ ആളുകൾ എത്തിയാൽ ഫോർട്ട് കൊച്ചിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പുലർച്ചെ 12 മണിക്ക് ശേഷം 50 ബസുകൾക്ക് പ്രത്യേക പെർമിറ്റ് നൽകും. വാട്ടർ മെട്രോ വൈപ്പിൻ – ഹൈക്കോടതി റൂട്ടിൽ സർവീസ് നടത്തും. ബാറുകൾ രാത്രി 11 മണിക്ക് അടയ്ക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി പുലർച്ചെ 12 മണിക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും. പൊലീസിന്റെ പ്രത്യേക സ്ക്വാഡുകളാണ് ഈ പരിശോധനകൾ നടത്തുക.
Story Highlights: Fort Kochi implements strict security measures for New Year celebrations