നടി ആക്രമണ കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ്

Anjana

actress assault case

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ ഹർജിയിലാണ് നോട്ടീസ് അയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്ക് മാറുമെന്ന സൂചനകളുണ്ട്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നുമാണ് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

Story Highlights: Trial court issues notice to former DGP R Srilekha in actress assault case

Leave a Comment