തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം ഉണ്ടായി. പാറമേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭക്ഷണം വെക്കുന്ന പായ പോലുള്ള വസ്തുക്കളാണ് ചൂട് കാരണം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു. ഷോട്ട് സർക്യൂട്ട് ആണോ അതോ മറ്റു കാരണങ്ങളാണോ എന്ന് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രിയും സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights: Fire breaks out at Paramekkavu Agrashala in Thrissur, Kerala; authorities investigate possible sabotage