മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന മകനെ വാടകക്കൊലയാളികളെ ഏല്പ്പിച്ച് കൊലപ്പെടുത്തിയ കേസില് പിതാവ് അറസ്റ്റിലായി. ഭോപ്പാല് ഗ്വാളിയോറിലാണ് സംഭവം നടന്നത്. 28 വയസ്സുള്ള മകന് ഇര്ഫാന് ഖാനെ കൊലപ്പെടുത്താന് രണ്ടംഗ ക്വട്ടേഷന് സംഘത്തെയാണ് പിതാവ് ഹസന് ഖാന് ഉപയോഗിച്ചത്. ഗ്വാളിയോര് കന്റോണ്മെന്റ് പൊലീസാണ് ഹസന് ഖാനെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല് കേസുകളില് പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇര്ഫാന് ഖാന്.
മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്ഫാന്റെ ദുശ്ശീലങ്ങള് കുടുംബവുമായുള്ള ബന്ധം വഷളാക്കി. ഇത് നിരന്തരമായ സംഘര്ഷങ്ങളിലേക്ക് നയിച്ചു. ഈ സാഹചര്യമാണ് ഹസന് ഖാനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അര്ജുന് എന്ന ഷറഫത്ത് ഖാന്, ഭീം സിംഗ് പരിഹാര് എന്നിവര്ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി പിതാവ് ക്വട്ടേഷന് നല്കിയത്. 21-ന് ബദ്നാപുര – അക്ബര്പുര് കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്ഫാനെ ഹസന് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് കൊലയാളികള് ഇര്ഫാനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഇർഫാന്റെ തലയിലും നെഞ്ചിലും ഒന്നിലധികം തവണ വെടിയുതിര്ത്തു. സംഭവത്തിൽ ഗ്വാളിയോര് പൊലീസ് വിശദമായ അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യം കൊലയാളികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചില്ല. ഹസന് ഖാൻ പൊലീസിന് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകള് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിഞ്ഞത്. കൊല നടത്തിയ അര്ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Story Highlights: Father arrested for hiring killers to murder drug-addicted son in Gwalior, Bhopal