കോഴിക്കോട്◾: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ. 20 കോടി രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേർന്ന് നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവരശേഖരണത്തിനും ചോദ്യം ചെയ്യലിനുമായി കോഴിക്കോട് സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഫാഷൻ ഗോൾഡിൻ്റെ പേരിൽ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. മലബാർ ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട് 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്. ഏകദേശം 700 ഓളം പേരിൽ നിന്നാണ് ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപം സ്വീകരിച്ചത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം.
സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നുണ്ട്. നിക്ഷേപ തുക തിരികെ നൽകിയില്ല എന്ന പരാതിയുമായി 268 പേരാണ് സംസ്ഥാനത്ത് പരാതി നൽകിയത്. ഇതിൽ 168 കേസുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുസ്ലിം ലീഗിന്റെ മുൻ മഞ്ചേശ്വരം എംഎൽഎയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി ഖമറുദീൻ. പിന്നീട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Story Highlights: League leaders M.C. Kamaruddin and T.K. Pookoya Thangal are in ED custody in the Fashion Gold scam case.