പാലക്കാട് നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമത്തെ തുടർന്ന് കർഷകൻ കൊല്ലപ്പെട്ടു.
ഒലിപ്പാറ നേർച്ചപ്പാറ സ്വദേശി റബ്ബർ കർഷകനായ മാണിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.രാവിലെ റബ്ബർ തോട്ടത്തിലെത്തി ടാപ്പിംഗ് നടത്തുകയായിരുന്ന മാണിക്ക് നേരെ കാട്ടുപന്നി ഓടി അടുക്കുകയും മാരകമായി ആക്രമിക്കുകയുമായിരുന്നു.
മാണിയുടെ നിലവിളി കേട്ട് സമീപത്തെ മറ്റു തോട്ടത്തിലെ തൊഴിലാളികൾ ഓടിയെത്തുകയും അക്രമണത്തെ തുടർന്ന് ശരീരമാസകലം പരിക്കേറ്റ മണിയെ ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ഈ സാഹചര്യത്തിൽ വനാതിർത്തിയിൽ സൗരോർജ വേലികൾ സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
മരണപ്പെട്ട മാണിയുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ള 2 പേരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
Story highlight : Farmer was killed in a wild pig attack.