കേരള-തമിഴ്നാട് അതിർത്തിയിലെ ട്രാവൽ ഏജൻസി വഴി കിർഗിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ കുടുങ്ങി ദുരിതത്തിലായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനാണ് ഇവർ ഇരയായത്.
കഴിഞ്ഞ മാസം 15-ന് പാറശ്ശാല മുറിയത്തോട്ടം സ്വദേശി വിപിൻ വിജയകുമാർ ഉൾപ്പെടെയുള്ള സംഘമാണ് കിർഗിസ്ഥാനിലേക്ക് പുറപ്പെട്ടത്. എന്നാൽ ഖസാക്കിസ്ഥാനിൽ വിമാനമിറങ്ങിയ ഇവരെ കാറിൽ കിർഗിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനം ലംഘിച്ച് ഹോട്ടലിലാക്കി. രണ്ടു ദിവസത്തിനുള്ളിൽ കിർഗിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ആരും വന്നില്ല.
14 ദിവസത്തെ വിസയോടെയാണ് ഇവർ ഖസാക്കിസ്ഥാനിലെത്തിയത്. വിസ കാലാവധി കഴിഞ്ഞതോടെ ഹോട്ടലിൽ നിന്ന് പുറത്താക്കപ്പെട്ടു. കരുതിയിരുന്ന പണം തീർന്നതോടെ ഭക്ഷണത്തിന് വീട്ടുകാർ അയക്കുന്ന പണം കൊണ്ടാണ് കഴിയുന്നത്. കിർഗിസ്ഥാനിലെ നിർമാണ കമ്പനിയിൽ പ്രതിമാസം 50,000 രൂപ ശമ്പളവും ഓവർടൈം ജോലിയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി പടന്താലമൂട്ടിലെ സ്കൈനെറ്റ് ട്രാവൽ ഏജൻസി ഓരോരുത്തരിൽ നിന്നും 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്. കളിയിക്കാവിള പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.