ആലപ്പുഴയിൽ ദാരുണമായ സംഭവം അരങ്ങേറി. കുടുംബ വഴക്കിനെ തുടർന്ന് 77 കാരനായ ഗൃഹനാഥൻ ശ്രീകണ്ഠൻ നായർ തന്റെ കിടപ്പുരോഗിയായ ഭാര്യയേയും മകനേയും പെട്രോളൊഴിച്ച് തീവെച്ചശേഷം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. ശ്രീകണ്ഠൻ നായർ ഭാര്യയും മക്കളുമായി പതിവായി വഴക്കിട്ടിരുന്നു.
ഇതിനെ തുടർന്ന് ഇനി വീട്ടിൽ താമസിക്കരുതെന്ന് ബന്ധുക്കളും മക്കളും നിർദേശിച്ചിരുന്നു. വീട്ടിൽ കഴിയാൻ വെള്ളിയാഴ്ച വരെ മാത്രമേ സമയം അനുവദിച്ചിരുന്നുള്ളൂ. ഈ ദിവസമാണ് അദ്ദേഹം ഈ കൊടും കൃത്യം ചെയ്തത്. ഹോട്ടൽ ജീവനക്കാരനായിരുന്ന ശ്രീകണ്ഠൻ നായർ കുറെയായി ജോലിക്കു പോയിരുന്നില്ല.
മൂന്നുമാസമായി ഭാര്യ ഓമന കാലിൽ മുറിവേറ്റ് അണുബാധയായി കിടപ്പിലായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമന (74), ഇളയ മകൻ ഉണ്ണി (42) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകണ്ഠൻ നായർ ആദ്യം മകൻ ഉണ്ണി ഉറങ്ങുന്ന മുറിയുടെ ജനാല തകർത്ത് അകത്തേക്കു പെട്രോളൊഴിച്ച് തീവെച്ചു. തുടർന്ന് അടുക്കള ഭാഗത്തോടു ചേർന്ന ഭാര്യയുടെ മുറിയിലെത്തി ഓമന കിടന്ന കട്ടിലിലും പെട്രോളൊഴിച്ച് തീകൊളുത്തി.
നിലവിളി കേട്ടെത്തിയ ഉണ്ണി, അച്ഛനെ മുറിയിൽ പൂട്ടിയശേഷം അമ്മയെ രക്ഷിക്കാൻ ശ്രമിച്ചു. പൂട്ടിയിട്ട മുറിയുടെ സീലിംഗ് ഫാനിലാണ് ശ്രീകണ്ഠൻ ആത്മഹത്യ ചെയ്തത്. അടുത്ത് താമസിക്കുന്ന മൂത്തമകൻ കണ്ണനും നാട്ടുകാരും ബഹളം കേട്ട് ഓടിയെത്തി തീ കെടുത്താൻ ശ്രമിച്ചു. അഗ്നിരക്ഷാസേനയെത്തിയാണ് പൂർണമായും തീയണച്ചത്.
Story Highlights: 77-year-old man sets fire to bedridden wife and son before committing suicide in Alappuzha, Kerala