പതിമൂന്നാം വയസ്സുമുതൽ ലഹരിയുടെ പിടിയിലായ മകനെ പൊലീസിൽ ഏൽപ്പിച്ചതായി എലത്തൂർ സ്വദേശിനിയായ മാതാവ്. രാഹുൽ എന്ന മകൻ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 68 വയസ്സുള്ള അമ്മൂമ്മയെ ഉപദ്രവിച്ചിരുന്നതായും അമ്മ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. മകളുടെ കുഞ്ഞിനെ ഉപദ്രവിച്ചതിന് പോക്സോ കേസിൽ രാഹുൽ ഒമ്പതര മാസത്തോളം ജയിലിൽ കിടന്നിരുന്നതായും അമ്മ കൂട്ടിച്ചേർത്തു.
രാഹുലിന്റെ ലഹരി ഉപയോഗം കുടുംബത്തിന് വലിയ ഭീഷണിയായിരുന്നുവെന്ന് അമ്മ പറയുന്നു. രണ്ടാഴ്ച മുൻപ് ബഹളം വെച്ചപ്പോൾ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കിയതായും അമ്മ വെളിപ്പെടുത്തി. കഴുത്തിൽ ബ്ലേഡ് വച്ച് മുറിവുണ്ടാക്കി വീട്ടുകാരുടെ പേരിൽ കുറ്റം ചുമത്തുമെന്നായിരുന്നു ഭീഷണി.
സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് മകനെ പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചതെന്ന് അമ്മ പറഞ്ഞു. എല്ലാവരെയും കൊന്നിട്ടേ പോകൂ എന്ന് ഭീഷണിപ്പെടുത്തിയിരുന്ന മകനെ സംരക്ഷിക്കുന്നത് കുടുംബത്തിന് വലിയ ആപത്താണെന്ന് മനസ്സിലായെന്നും അവർ പറഞ്ഞു. കടബാധ്യതയിൽ നിന്ന് കരകയറാൻ മകൾ രണ്ട് വർഷം ഗൾഫിൽ പോയി ജോലി ചെയ്തിരുന്നു. മകളെയും ഉപദ്രവിക്കുമെന്ന് ഭയന്നാണ് അവസാനമായി പൊലീസിനെ സമീപിച്ചത്.
ജയിലിലാണെങ്കിലും മകൻ ജീവനോടെയുണ്ടെന്ന ആശ്വാസത്തിലാണ് താനെന്നും അമ്മ പറഞ്ഞു. പൊലീസ് എത്തിയപ്പോൾ രാഹുൽ വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി. തന്ത്രപരമായി പിടികൂടിയ രാഹുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ.
Story Highlights: Mother hands over her drug-addicted son, Rahul, to the police in Elathur after he threatened the family.