തെക്കുകിഴക്കന് ഡല്ഹിയിലെ ഗോവിന്ദ്പുരി മേഖലയില് രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെ ഡല്ഹി പൊലീസ് കോണ്സ്റ്റബിള് കിരണ് പാല് മൂന്ന് പേരാല് കുത്തിക്കൊലപ്പെടുത്തപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദീപക് മാക്സ് (20) എന്നയാളാണ് പിടിയിലായത്. ഗോവിന്ദ്പുരിയില് നിന്ന് ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിര്ത്തു. തിരിച്ച് വെടിവെച്ചപ്പോൾ ദീപക്കിന് കാലില് വെടിയേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര് സഞ്ജയ് സെയ്ന് അറിയിച്ചു. ഇയാളില് നിന്ന് അത്യാധുനിക ആയുധവും കണ്ടെടുത്തു.
കൊലപാതകം നടന്നത് പുലര്ച്ചെ 5.30 ഓടെ ഗോവിന്ദ്പുരിയുടെ 13-ാം നമ്പര് പാതയ്ക്ക് സമീപമായിരുന്നു. കോണ്സ്റ്റബിള് കിരണ് പാല് സ്കൂട്ടിയില് പോകുകയായിരുന്ന മൂന്ന് പേരെ തടഞ്ഞുനിര്ത്തി. അറസ്റ്റില് നിന്ന് രക്ഷപ്പെടാന് പ്രതി കോണ്സ്റ്റബിളിന് നേരെ കല്ലെറിഞ്ഞു. കോണ്സ്റ്റബിള് സ്കൂട്ടിയുടെ താക്കോല് എടുത്ത് സംശയം തോന്നിയ മൂവരോടും അന്വേഷിച്ചു. ഇതേച്ചൊല്ലി ഇവര് തമ്മില് വാക്കുതര്ക്കമുണ്ടായി. തുടർന്ന് പ്രതി കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
Story Highlights: Delhi police constable stabbed to death during night patrol, one suspect arrested after shootout