ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ നിന്ന് എംഡിഎംഎ ഓർഡർ ചെയ്ത് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് പിടികൂടിയത്. കൊച്ചിയിൽ പിടിയിലായ മിർസാബ്, അതുൽ കൃഷ്ണ എന്നിവർ ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ ഓർഡർ ചെയ്തത്. ഓർഡർ ചെയ്യുന്നവരുടെ പേര് വിവരങ്ങൾ പുറത്ത് പോകില്ല എന്നതാണ് ഡാർക്ക് വെബിന്റെ പ്രത്യേകത.
കൊറിയർ സെന്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അതുൽ കൃഷ്ണന്റെ പേരിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ പാർസൽ എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. എറണാകുളം ആലുവയിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. അതീവ രഹസ്യ സ്വഭാവമുള്ള ഡാർക്ക് വെബുകളിലാണ് മലയാളി യുവാക്കൾ ലഹരി തേടി എത്തുന്നത് എന്നത് ആശങ്കാജനകമാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള കഞ്ചാവ് കടത്തിനും അറുതിയില്ല. ആലുവയിൽ രണ്ടു യുവതികൾ അടക്കം ആറു ഒഡീഷ സ്വദേശികളെ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടികൂടി. എറണാകുളം റൂറൽ എസ് പി വൈഭവ് സക്\u200cസേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃശൂരിൽ കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ചരസ് പിടികൂടി. പഞ്ചാബിലെ മൊഹാലിയിൽ നിന്നും കൊറിയർ മാർഗ്ഗമാണ് ചരസ് അയച്ചത്. കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Young men are increasingly using the dark web to order MDMA from foreign countries and smuggle it into Kerala.