വാഷിങ്ടൺ: ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യൻ നടത്തിയ ആദ്യ ചുവടുവെപ്പ് മാനവരാശിയുടെ വലിയൊരു കുതിപ്പായിരുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് ലോകം 1969 ജൂലായ് 20ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങുന്നത് കണ്ടത്.
മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് യാഥാർഥ്യമാക്കി തിരികെയെത്തിയ ബഹിരാകാശ സഞ്ചാരികൾക്ക് ലഭിച്ചത് ലോകത്തിന്റെ ഊഷ്മളമായ വരവേൽപ്പായിരുന്നു.
എന്നാൽ, ആരുമൊന്ന് അമ്പരക്കുന്ന കാര്യമാണ് ചന്ദ്രനിൽനിന്ന് തിരിച്ചെത്തിയ ബഹിരാകാശ യാത്രികർക്ക് ഭൂമിയിൽ ഇറങ്ങുന്നതിന് കസ്റ്റംസിന്റെ സത്യവാങ്മൂലം പൂരിപ്പിച്ചു നൽകേണ്ടിവന്നു എന്നത്. കൗതുകകരമായ ആ യാഥാർഥ്യം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത് യാത്രികരിൽ ഒരാളായിരുന്ന എഡ്വിൻ ആൽഡ്രിൻ എന്ന ബുസ് ആൽഡ്രിൻ തന്നെയാണ്.
അദ്ദേഹത്തിൻറെ ട്വീറ്റ് വ്യക്തമാക്കുന്നത് വിമാനയാത്രികരുടേതിന് സമാനമായ നടപടിക്രമം ബഹിരാകാശ യാത്രികർക്കും വേണ്ടിവന്നു എന്നതാണ്.
ചന്ദ്രനിലെ 22 മണിക്കൂർ അടക്കം എട്ട് ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം തിരികെ ഭൂമിയിലേക്കെത്താൻ കസ്റ്റംസിന്റെ പരിശോധന വേണ്ടി വന്നു!’, -ആൽഡ്രിൻ ട്വീറ്റിൽ വ്യക്തമാക്കി. കസ്റ്റംസിന് അന്ന് പൂരിപ്പിച്ച് കൊടുത്ത സത്യവാങ്മൂലത്തിന്റെ പകർപ്പും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
Story highlight: Customs procedure on return from the moon.