കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം പ്രവർത്തകരുടെ രോഷം അതിരുകടന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടതിന് പിന്നാലെ, അവർ പുറത്തേക്കിറങ്ങിയപ്പോൾ കൂക്കിവിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ നേതാക്കൾ അടക്കമുള്ളവർ രംഗത്തെത്തി. “പെണ്ണുപിടിയനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി” എന്ന ആരോപണമാണ് പ്രവർത്തകർ ഉന്നയിച്ചത്. സംസ്ഥാന നേതൃത്വം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പമാണെന്നും പ്രവർത്തകർ ആരോപിച്ചു.
“കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളുകുടിയന്മാർക്കും പെണ്ണുപിടിയന്മാർക്കുമായുള്ള പ്രസ്ഥാനമായി ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമായി. വനിതാ സഖാക്കൾക്ക് മാന്യമായും മര്യാദയോടെയും അന്തസ്സോടെയും പ്രസ്ഥാനത്തിനൊപ്പം നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്,” എന്ന് സിഐടിയു ജില്ലാ കമ്മിറ്റിയംഗമായ ഒരു വനിതാ നേതാവ് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തങ്ങൾക്കൊപ്പമാണെന്നും പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനായാണ് പ്രതികരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റൊരു വനിതാ നേതാവ് പറഞ്ഞു: “സ്ത്രീ പീഡനത്തിൽപ്പെട്ടയാളെ സെക്രട്ടറിയാക്കിയപ്പോൾ ശക്തമായി എതിർത്തു. എന്നാൽ അതിന് ഒരു വിലയും കൽപ്പിച്ചില്ല. സംസ്ഥാന കമ്മിറ്റിയംഗം ഞങ്ങൾക്കെതിരെ സംസാരിച്ചു. മാന്യമായ പ്രസ്ഥാനമാണ് വേണ്ടത്. സിപിഐഎം തത്വശാസ്ത്രത്തിനടിസ്ഥാനമായി പ്രവർത്തിക്കേണ്ടതാണ്.”
കഴിഞ്ഞ പത്ത് വർഷക്കാലമായി ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവർത്തകർക്ക് സഖാവെന്ന പരിഗണന നൽകിയിട്ടില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. പാർട്ടി നന്നാകണമെന്ന് കരുതി ഇത്രയും കാലം മിണ്ടാതിരുന്നതാണെന്നും 21 വർഷമായി പാർട്ടിക്കായി കഷ്ടപ്പെടുന്നുവെന്നും വികാരാധീനരായി പ്രവർത്തകർ പ്രതികരിച്ചു.
Story Highlights: CPIM workers protest against state leaders in Kollam