തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്ക്കെതിരെ കോണ്ഗ്രസ് നേതാക്കള് നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി.
കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പ്രതികരണം.
എംപി കൂടിയായ കൊടിക്കുന്നിൽ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്ക്കുന്നുണ്ടോഎന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ കോണ്ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ് വ്യക്തമാകുന്നത്.
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാൽ, അതൊന്നും വിലപ്പോയില്ല.
കോണ്ഗ്രസിനകത്തുള്ള പ്രശ്നങ്ങള് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിക്ക് നേരെ ആക്ഷേപങ്ങള് ചൊരിയുന്നതെങ്കില് അതൊന്നും ഫലിക്കാന് പോകുന്നില്ല. കോണ്ഗ്രസില് എന്താണ് നടക്കുന്നതെന്ന് ജനം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. അത് ആര്ക്കും മൂടി വയ്ക്കാനാവില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
Story Highlight: CPIM state secretariat statement on controversial remarks against CM by congress MP.