സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരുകയാണ്. എം. മുകേഷിന്റെ രാജ്യക്കാര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം കേട്ടശേഷമായിരിക്കും മുകേഷിന്റെ രാജി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ വിഷയം ചർച്ചയായില്ല. എന്നാൽ, ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമായിരിക്കും. തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറുമെന്നാണ് സൂചന.
കഴിഞ്ഞദിവസം നടന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതേ നിലപാട് സംസ്ഥാന സമിതിയിലും ആവർത്തിച്ചാൽ മുകേഷിന് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണ് സൂചന. ഇന്നത്തെ യോഗത്തിൽ എടുക്കുന്ന തീരുമാനം മുകേഷിന്റെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തൽ.
Story Highlights: CPIM state committee meeting to discuss M Mukesh’s resignation