കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിക്കാരി രംഗത്തെത്തി. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിൻ പോളി റൂമിൽ ഉണ്ടായിരുന്നുവെന്ന് പരാതിക്കാരി ആവർത്തിച്ചു പറയുന്നു.
സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി നിവിൻ പോളി ഉൾപ്പെടെ 6 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നും മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തനിക്കെതിരായ പരാതി വ്യാജമാണെന്ന് നിവിൻ മൊഴി നൽകിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നതെന്നും പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
Story Highlights: Complainant reacts to Nivin Pauly’s exclusion from rape case suspect list