കൊളംബിയയിലെ പൊലീസ് സംഘം ഒരു യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുൻ കാമുകന്റെ കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയായ 23 വയസ്സുകാരി കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസാണ് അറസ്റ്റിലായത്. വാടക കൊലയാളി കൂടിയായ ഇവരോടൊപ്പം ലിയോപോൾഡോ, പൗലാ വലന്റീനാ ജോയ് റൂയിഡ എന്നിവരെയും പ്രതികളെന്ന് സംശയിച്ച് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 23-നാണ് യുവതിയുടെ മുൻ കാമുകനായ ഡേവി ജീസസിനെ കൊലപ്പെടുത്തിയത്. പണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുവർക്കുമിടയിൽ നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. തർക്കം പരിഹരിക്കാനായി നേരിൽ കാണാമെന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ ഡേവിയെ ബൈക്കിലെത്തിയ രണ്ടുപേർ കൊലപ്പെടുത്തുകയായിരുന്നു.
കൊളംബിയയിലെ ബറാങ്കബെർമെജ മുനിസിപ്പാലിറ്റിയിൽ നടന്ന നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ഈ യുവതിയാണെന്നാണ് നിലവിലെ സൂചന. ലോസ് ഡേലാ എം ഗ്യാങ്ങിനു വേണ്ടിയും കാരൻ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. വാടക കൊലയാളികളുടെ ഒരു ചെറിയ സംഘത്തെ നയിച്ചിരുന്ന ഇവർ ‘ദ ഡോൾ’ (ലാ മുനേക്ക) എന്ന വിളിപ്പേരിലാണ് പൊലീസുകാർക്കിടയിൽ അറിയപ്പെടുന്നത്.
അറസ്റ്റ് സമയത്ത് യുവതിയുടെ കൈവശം നിന്ന് ഒരു റിവോൾവറും കാലിബർ പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു. ഈ ആയുധങ്ങളിലേതെങ്കിലും ഉപയോഗിച്ചാണോ കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവതിക്കൊപ്പം അറസ്റ്റിലായ പൗലാ വലന്റീനാ ജോയ് റൂയിഡയും ദീർഘകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ അറസ്റ്റുകൾ കൊളംബിയയിലെ ക്രിമിനൽ ലോകത്തിന് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
Story Highlights: Colombian police arrest 23-year-old woman for ex-boyfriend’s murder and other crimes, including being a contract killer.