സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികൾ.

Anjana

അയ്യങ്കാളി ജയന്തി ആഘോഷം മുഖ്യമന്ത്രി
അയ്യങ്കാളി ജയന്തി ആഘോഷം മുഖ്യമന്ത്രി

കൊവിഡ് മഹാമാരി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും  സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിലൂന്നിയാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചും എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കിയുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇനി 52000 വീടുകളാണ് നല്‍കാനുള്ളത്. തൊഴില്‍ മേഖലയില്‍ നൈപുണ്യ പരിശീലനം, 20000 പേര്‍ക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കും. നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍ എല്ലാവര്‍ക്കും കണക്ടിവിറ്റി ഉറപ്പാക്കുന്നു.

എല്ലാ വിദ്യാര്‍ത്ഥിക്കും പഠനാവശ്യത്തിനായി ഡിജിറ്റല്‍ ഉപകരണം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നു.കൂടാതെ ആദിവാസി വിഭാഗത്തില്‍പെട്ട മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം നല്‍കുന്ന പ്രത്യേക പരിപാടി നടപ്പാക്കും.

പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴില്‍ അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സ്. ഈ സ്ഥാപനത്തില്‍ കൂടുതല്‍ കോഴ്‌സുകളും സീറ്റുകളും അനുവദിക്കും.

കൊവിഡ് മഹാമാരി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നൂറുദിന പരിപാടികള്‍ നടപ്പിലാക്കാനുള്ള ഇടപെടല്‍ അതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ പാര്‍ശ്വവത്കൃത ജനങ്ങളുടെ പങ്ക് വളര്‍ന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ വിവിധ ഭവന പദ്ധതികളുടെ ഗുണഫലവും ഭൂമി വാങ്ങുന്നതിനുള്ള ജനസഹായവും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സ്മാര്‍ട്ട് ക്ലാസുളോടുകൂടിയ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു

Story Highlights: CM pinarayi vijayan inagurated Ayyankali birth anniversary celebration.