മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതനുസരിച്ച്, ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ നടപടികൾക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവരാണ് ഉപസമിതിയിൽ ഉൾപ്പെടുന്നത്. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗൻ എന്നിവർ സ്പെഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കും.
ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവത്തോടെയുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. സേനാ വിഭാഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടർന്നുള്ള രക്ഷാ പ്രവർത്തനങ്ങൾ ഏകോപിതമായി നടത്തും. ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്ക് താൽക്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാകും.
ദുരന്തമേഖലയിൽ അകപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് തടസ്സം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താൽക്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങൾ നടത്തും. ദുരന്തത്തിനിരയായവരിൽ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകും. നിലവിൽ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനസിക വിദഗ്ധർ കൗൺസിലിങ് നൽകുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതൽ ഏജൻസികളെ ഏർപ്പെടുത്തും.
Story Highlights: CM Pinarayi Vijayan announces 4-member ministerial subcommittee for landslide rescue and rehabilitation efforts in Wayanad
Image Credit: twentyfournews