ചാലക്കുടിയിലെ പോട്ട ബാങ്ക് കവർച്ചാ കേസിലെ പ്രതി പിടിയിലായി. ആശാരിക്കാട് സ്വദേശിയായ റിജോ ആന്റണിയെയാണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. പ്രതിയുടെ കയ്യിൽ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണം ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
റിജോ ആന്റണി കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്ന റിജോയുടെ ഭാര്യ വിദേശത്ത് നഴ്സാണ്. ഭാര്യ അയച്ചുകൊടുക്കുന്ന പണം ധൂർത്തടിക്കുന്നതാണ് ഇയാളുടെ പതിവ്. പോട്ടയ്ക്കടുത്ത് ആശാരിക്കാട് വീട്ടിൽ നിന്നാണ് റിജോയെ കസ്റ്റഡിയിലെടുത്തത്.
ഭാര്യ നാട്ടിൽ വരാനിരിക്കെ പണം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു മോഷണ ലക്ഷ്യമെന്നും റിജോ മൊഴി നൽകി. സ്വന്തം ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചതെങ്കിലും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരുന്നു. ബാങ്കിൽ നേരത്തെ വന്നിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.
വേഷം മാറി മാറിയാണ് പ്രതി നടന്നിരുന്നത്. ഇന്ന് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പ്രതി നാട്ടുകാരൻ തന്നെയെന്ന് ഇന്നലെ രാത്രി പോലീസ് സ്ഥിരീകരിച്ചിരുന്നു. റിജോ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Story Highlights: A man has been arrested in connection with the Potta bank robbery in Chalakudy, Kerala.