കൊല്ലം പള്ളിത്തോട്ടം പൊലീസ് സംവിധായകൻ വി. കെ പ്രകാശിനെതിരെ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തു.
IPC 354 A (1) i വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവ കഥാകാരിയുടെ പരാതിയിൽ, 2022-ൽ കൊല്ലത്തെ ഒരു ഹോട്ടലിൽ വച്ച് സിനിമയുടെ കഥ പറയാനെത്തിയപ്പോൾ സംവിധായകൻ തന്നെ കടന്നുപിടിച്ചുവെന്ന് ആരോപിച്ചിരുന്നു.
പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
നാളെ ഈ കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്നും അറിയുന്നു. യുവതിയുടെ വെളിപ്പെടുത്തലിൽ, അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും, പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും പറയുന്നു.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് വി. കെ പ്രകാശിനെതിരെയും ഈ ആരോപണം ഉയർന്നിരിക്കുന്നത്.
Story Highlights: Police file sexual harassment case against director V.K. Prakash in Kollam