മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്ന് കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. അദ്ദേഹത്തിന്റെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ ചെയർമാനായിരുന്നു മുംതാസ് അലി. ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിന്റേയും മുൻ കോൺഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. സിറ്റി പൊലീസ്, ഫയർഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവരുടെയെല്ലാം നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. ഈശ്വർ മാൽപെയും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ മുംതാസ് അലി നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. അലിയുടെ മകൾ കവൂർ സ്റ്റേഷനിൽ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൃതശരീരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights: Businessman Mumtaz Ali’s body found in Mangaluru river, Eshwar Malpe leads rescue team