ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട കണ്ടെത്തിയതാണ് ഏറ്റവും പുതിയ വാർത്ത. മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിൽ വെച്ചാണ് വെറ്റിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. 40 വയസ് പ്രായം കണക്കാക്കുന്ന കൊമ്പന്റെ ആകൃതി കാരണമാണ് കസേര കൊമ്പൻ എന്ന പേര് ലഭിച്ചത്.
കാട്ടാനയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വനം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ വെടിയുണ്ട കണ്ടെത്തിയതോടെ മരണകാരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസത്തിലേറെയായി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന ആനയായിരുന്നു കസേര കൊമ്പൻ. ചോളമുണ്ട ഇഷ്ടിക കളത്തിനോട് ചേർന്ന ഖാദറിന്റെ സ്ഥലത്താണ് പുലർച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കസേര കൊമ്പൻ നിലമ്പൂരിലെത്തുന്നതിന് മുമ്പ് തമിഴ്നാട് വനമേഖലയിലായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും. അതിനാൽ, വെടിയേറ്റത് തമിഴ്നാട്ടിൽ നിന്നാണോ അതോ കേരളത്തിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാട്ടാനയുടെ ദേഹത്ത് മുറിവുകളും ഉണ്ടായിരുന്നു.
പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണാണ് ആന ചരിഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ആനയ്ക്ക് കയറിപ്പോകാൻ കഴിയുന്ന വലിപ്പമേ കുഴിയ്ക്കുണ്ടായിരുന്നുള്ളൂവെങ്കിലും പുറത്തേക്ക് കടക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Story Highlights: A bullet was found in the body of ‘Kasera Komban’, the wild elephant that died in Cholamunda, Nilambur.