പൂമ്പാറ്റയുടെ അവശിഷ്ടം കുത്തിവച്ച ബ്രസീലിയൻ കൗമാരക്കാരൻ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഡേവി ന്യൂൺസ് മൊറേറ എന്ന 14-കാരനാണ് ബുധനാഴ്ച വടക്കുകിഴക്കൻ ബ്രസീലിയൻ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം സ്വയം കുത്തിവച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
പരുക്കേറ്റതായി ആദ്യം പിതാവിനോട് പറഞ്ഞ കുട്ടി പിന്നീട് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങൾ കുത്തിവച്ച കാര്യം വെളിപ്പെടുത്തി. കളിക്കുന്നതിനിടെ തനിക്ക് പരുക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്. മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയിൽ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യനില വഷളായപ്പോൾ, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പോസ്റ്റ്\u200cമോർട്ടം ഫലം വന്നെങ്കിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു. മനുഷ്യ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പൂർണ്ണമായി പഠിച്ചിട്ടില്ലാത്ത ശരീരദ്രവങ്ങൾ ചിത്രശലഭങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നതായി ഡെയ്\u200cലി മെയിൽ റിപ്പോർട്ട് ചെയ്തു. മരിക്കുന്നതിന് മുമ്പ് ഈ പ്രവണതയുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടി ആദ്യം നിഷേധിച്ചിരുന്നു. പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡേവി ഒരു ഓൺലൈൻ ചലഞ്ചിൽ നേരിട്ട് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Story Highlights: A 14-year-old boy in Brazil died after injecting himself with the remains of a dead butterfly.