കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിനെ ഇന്ന് അഭിഭാഷക സംഘം കാണും. ജയിലിൽ തുടരാനുള്ള തീരുമാനം മാറ്റാൻ അഭിഭാഷകർ ശ്രമിക്കും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ലെങ്കിൽ കൈപ്പറ്റിയവരെയും കുഴപ്പത്തിലാക്കുമെന്ന് അഭിഭാഷകർ അറിയിക്കും. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി തുടരാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത് സാധാരണ ഉപാധികളോടെയാണ്. ജാമ്യം ലഭിച്ചിട്ടും ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുന്നത്. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ജാമ്യാപേക്ഷയിലൂടെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്നും കോടതിയിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ഹണി റോസിന് അസാമാന്യ കഴിവുകൾ ഇല്ലെന്ന പരാമർശം പിൻവലിക്കുന്നതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും എന്തിനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നും കോടതി ചോദിച്ചു.
ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു. തെളിവെടുപ്പ് ആവശ്യമില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച വിവരമറിഞ്ഞ് ബോബി ചെമ്മണ്ണൂരിന്റെ ആരാധകരും ജീവനക്കാരും കാക്കനാട് ജയിൽ പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ബോണ്ട് ഒപ്പിടാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ടെന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ പുറത്തിറങ്ങൂ എന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ഇതോടെ സ്വീകരിക്കാൻ എത്തിയവർ മടങ്ങി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും.
Story Highlights: Bobby Chemmannur refuses to leave jail despite getting bail, lawyers to intervene.