ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായകമായ തെളിവ് ലഭിച്ചു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓമിനി വാൻ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ ജോമോന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാൻ. അഞ്ചിരി കവല കുറിച്ചി പാടത്തുള്ള വീട്ടിൽ നിന്നാണ് വാൻ കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ രക്തക്കറ ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നാല് പ്രതികളും ഈ വാനിലാണ് സഞ്ചരിച്ചതെന്നും പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ സ്കൂട്ടർ ഇടിച്ചിട്ട ശേഷം വാനിൽ വെച്ച് മർദ്ദിക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. വാഹനത്തിൽ കയറ്റിയ ശേഷം ആഷിഖും മുഹമ്മദ് അസ്ലവും ചേർന്നാണ് ബിജുവിനെ മർദ്ദിച്ചത്. വാൻ ഓടിച്ചത് മുഖ്യപ്രതി ജോമോനാണ്.
ബിജുവിന്റെ സ്കൂട്ടർ നാലാം പ്രതിയായ ജോമിൻ കുര്യൻ എറണാകുളം വൈപ്പിനിലെ കേന്ദ്രത്തിൽ എത്തിച്ചു നൽകിയിരുന്നു. കേസിലെ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ജോൺസന് വേണ്ടി പൊലീസ് പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്.
ജോമോന്റെ ഭാര്യയുടെ ചികിത്സയ്ക്കാണ് വാൻ കൊണ്ടുപോയതെന്ന് വാൻ ഉടമയായ സിജോ പോലീസിനോട് പറഞ്ഞു. കൊലപാതക വാർത്ത മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും സിജോ വ്യക്തമാക്കി. കൊലപാതകം നടന്ന ദിവസം രാവിലെ 9 മണിയോടെ വാൻ തിരികെ വീട്ടിൽ എത്തിച്ചിരുന്നു. താക്കോലിനായി ജോമോനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിജോ പറഞ്ഞു.
ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇന്നലെ പ്രതികളെ തൊടുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ വിശദമായ പരിശോധന നടക്കുകയാണ്.
Story Highlights: Van used in the Thodupuzha Biju Joseph murder case has been found by police.