ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 243 സീറ്റുകളിൽ 238 എണ്ണത്തിൽ മത്സരിച്ചെങ്കിലും കാര്യമായ മുന്നേറ്റം നടത്താൻ പാർട്ടിക്കായില്ല. എൻ ഡി എയ്ക്കും മഹാസഖ്യത്തിനും ബദലായി ഉയർത്താൺ ശ്രമിച്ചെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ജൻ സുരാജിന് വലിയ പരാജയം സംഭവിച്ചു.
വികസനം, തൊഴിലില്ലായ്മ, കുടിയേറ്റം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകി ജാതിയുടെയും വ്യക്തിഗത സ്വാധീനത്തിൻ്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം മാറ്റുമെന്നായിരുന്നു ജൻ സുരാജ് പാർട്ടിയുടെ പ്രധാന വാഗ്ദാനം. ” ഇതിനായി പാർട്ടി രൂപീകരിക്കുന്നതിന് മുൻപ് മൂന്ന് വർഷത്തിലേറെ പ്രശാന്ത് കിഷോർ സംസ്ഥാനത്തുടനീളം ജൻ സുരാജ് പദയാത്ര നടത്തിയിരുന്നു. ഈ യാത്രയിലൂടെ സംസ്ഥാനത്ത് ഒരു വലിയ പ്രാദേശിക ശൃംഖല സ്ഥാപിക്കാനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അദ്ദേഹം ശ്രമിച്ചു.
ബിഹാറിനെ ദശാബ്ദങ്ങളായി ഭരിക്കുന്ന പ്രധാന മുന്നണികൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും, വിദ്യാസമ്പന്നരും യുവതലമുറയും തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും ജൻ സുരാജ് പാർട്ടി പ്രതീക്ഷിച്ചു. എന്നാൽ, ഈ പ്രതീക്ഷകൾക്ക് വിപരീതമായി അവർക്ക് കാര്യമായ വിജയം നേടാനായില്ല. ”
ജൻ സുരാജിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി പ്രൊഫസർമാർ, ഡോക്ടർമാർ, അഭിഭാഷകർ, മുൻ ഉദ്യോഗസ്ഥർ തുടങ്ങിയ ‘ക്ലീൻ ഇമേജ്’ ഉള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ‘മാറ്റത്തിന് വേണ്ടിയുള്ള’ പാർട്ടിയെന്നായിരുന്നു അവർ അവകാശപ്പെട്ടിരുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജൻ സുരാജിന് ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്.
ജാതി-സമുദായ സമവാക്യങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ഭരണപരമായ വിഷയങ്ങൾ മാത്രം ഉന്നയിച്ചുള്ള പ്രചാരണം പരമ്പരാഗത വോട്ട് ബാങ്കുകളെ തകർക്കാൻ പര്യാപ്തമായിരുന്നില്ല. ” കൂടാതെ പ്രശാന്ത് കിഷോർ എൻ ഡി എയുടെയോ മഹാസഖ്യത്തിന്റെയോ ‘ബി ടീം’ ആണെന്നുള്ള ആരോപണങ്ങൾ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പ്രാദേശിക നേതാക്കൾക്കിടയിലുണ്ടായ തർക്കങ്ങളും ചില സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറിയതും പാർട്ടിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാം ജൻ സുരാജിൻ്റെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു.
Story Highlights: Prashant Kishor’s Jan Suraaj Party faced a significant defeat in the Bihar Assembly elections, failing to make an impact despite contesting in 238 out of 243 seats.



















