പട്ന◾: ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാർ തന്നെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ എൻഡിഎ അവകാശവാദം ഉന്നയിക്കും.
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ഉപമുഖ്യമന്ത്രി പദം ബിജെപി ആവശ്യപ്പെട്ടേക്കും. ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ വസതിയിലെത്തി ബിജെപി നേതാക്കൾ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അതേസമയം നിതീഷിൻ്റെ ആരോഗ്യം കണക്കിലെടുത്ത് ടേം വ്യവസ്ഥകൾ ബിജെപി ചർച്ചകളിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
ബിഹാറിലെ കനത്ത പരാജയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന് വലിയ തിരിച്ചടിയാകും. ഈ തോൽവി സഖ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാം. ബിഹാറിലെ ഈ പരാജയത്തിന് കോൺഗ്രസ് മറുപടി പറയേണ്ടി വരും.
ആദ്യഘട്ട വോട്ടെടുപ്പിന് തലേന്ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലൂടെ ബിഹാർ കൈവിടുമെന്ന സൂചന നൽകിയതിൽ സഖ്യകക്ഷികൾക്ക് കോൺഗ്രസിനോട് അതൃപ്തിയുണ്ട്. വോട്ട് ചോർച്ച പ്രചാരണത്തിൽ പ്രധാന അജണ്ട ആക്കിയതിലും, തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തുടക്കത്തിൽ കാണിച്ച മടിയും ഇതിന് കാരണമാണ്. ഈ അതൃപ്തി കനത്ത പരാജയത്തിന് പിന്നാലെ സഖ്യകക്ഷികൾ പരസ്യമാക്കാൻ സാധ്യതയുണ്ട്.
എൻസിപിയും ടിഎംസിയും നേരത്തെ തന്നെ കോൺഗ്രസിൻ്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ആർജെഡി കൂടി കൈവിട്ടാൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലാകും. അന്തിമ കണക്കുകൾ പ്രകാരം ബിജെപി 89 സീറ്റുകളും, ജെഡിയു 85 സീറ്റുകളും നേടി.
രണ്ടാഴ്ചക്കകം ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ പാർലമെന്റിൽ കോൺഗ്രസ് പ്രതിരോധത്തിലാകും. പ്രതിപക്ഷ നിരയിൽ ആർജെഡി 25 സീറ്റുകൾ നേടി മുന്നിലെത്തിയപ്പോൾ, കോൺഗ്രസ് 6 സീറ്റുകളിലേക്കും, ഇടത് പാർട്ടികൾ 3 സീറ്റുകളിലേക്കും ഒതുങ്ങി.
Story Highlights : NDA to form government in Bihar; Nitish Kumar himself will be the Chief Minister
Story Highlights: ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരണം ഉടൻ; മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരും.



















