Painkillers affect hearing : വേദന സംഹാരികളുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ചെറിയ വേദനകൾക്ക് പോലും ഡോക്ടറുടെ നിർദ്ദേശമില്ലാതെ വേദന സംഹാരികൾ കഴിക്കുന്ന രീതിയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ ദീർഘകാല പരിണിതഫലങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല.
അമേരിക്കയിലെ ബ്രിഗാം ആന്റ് വുമൻസ് ആശുപത്രിയിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ, വേദന സംഹാരികളുടെ അമിതമായ ഉപയോഗം കേൾവിശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തി. 48 നും 73 നും ഇടയിൽ പ്രായമുള്ള 55,000 സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. പ്രത്യേകിച്ച് സ്ത്രീകളിലാണ് വേദനസംഹാരികൾ കേൾവി തകരാറുണ്ടാക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി ആറ് വർഷം വേദന സംഹാരികൾ കഴിച്ചാൽ കേൾവി ശക്തിയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ഗവേഷകരുടെ നിഗമനം. ഇടയ്ക്കിടെ വേദന സംഹാരികൾ കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ലെങ്കിലും, ദീർഘകാല ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു.