തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് പരിഹാരമായി പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിനായി ഓണ്ലൈന് പേയ്മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്കാണ് ബെവ്കോയുടെ നീക്കം.
പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതൽ പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. ഓൺലൈന് ബുക്കിംഗ് സംവിധാനങ്ങൾ ബെവ്കോ ചില്ലറ വിൽപനശാലകളിൽ നടപ്പാക്കും.
ഓണ്ലൈന് ബുക്കിംങിന്റെ ആദ്യ ഘട്ടത്തില് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മൂന്ന് ഔട്ലെറ്റുകളിലാണ് നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തുന്നത്.
മൊബൈൽ നമ്പർ നൽകി ഉപഭോക്താക്കൾ രജിസ്ട്രേഷൻ പൂർത്തിയാക്കണം. മദ്യം തിരഞ്ഞെടുത്ത് പണമടച്ച്കഴിയുന്നതോടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും ഉൾപ്പെടുന്ന എസ്.എം.എസ് സന്ദേശം ലഭിക്കും.
തുടർന്ന് വില്പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച ശേഷം മദ്യം വാങ്ങാം. പരീക്ഷണം വിജയകരമായാൽ ഓണ്ലൈന് ബുക്കിംഗ് സംവിധാനം കൂടുതല് ഔട്ലെറ്റുകളിലേക്ക് ഏർപ്പെടുത്തുമെന്നും ബവ്കോ അറിയിച്ചു.
Story highlight : Bevco introduces Online payment system for alcohol.