മഹാരാഷ്ട്രയിലെ മുതിര്ന്ന എന്സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. ഉത്തര്പ്രദേശിലെ ബഹ്റായിച്ചില് നിന്ന് നേപ്പാളിലേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെയാണ് ശിവകുമാര് ഗൗതമിനെ മുംബൈ പൊലീസ് പിടികൂടിയത്. ശിവകുമാറിന് താമസ സൗകര്യമൊരുക്കിയ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര് 12നാണ് മുംബൈയിലെ ബാന്ദ്രയില് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മകനും എംഎല്എയുമായ സീഷന്റെ ഓഫീസിനടുത്തായിരുന്നു സംഭവം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകള് പടക്കം പൊട്ടിക്കുന്നതിനിടെയാണ് മൂന്ന് തോക്കുധാരികള് ചേര്ന്ന് അദ്ദേഹത്തെ ആക്രമിച്ചത്. നാല് റൗണ്ട് വെടിയുതിര്ത്തു. നെഞ്ചില് വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില് നിന്ന് 1999 മുതല് തുടര്ച്ചയായി മൂന്നു തവണ എംഎല്എയായിട്ടുള്ള വ്യക്തിയാണ് ബാബ സിദ്ദിഖി. ഭക്ഷ്യ, സിവില് സപ്ലൈസ്, തൊഴില് സഹമന്ത്രിയായും പ്രവര്ത്തിച്ചിട്ടുണ്ട്. ഈ കൊലപാതകം മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്.
Story Highlights: Main accused in Baba Siddique’s murder arrested while trying to flee to Nepal