അതിരപ്പിള്ളിയിലെ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരുകയാണ്. കാലടി പ്ലാന്റേഷനുള്ളിൽ വിവിധ സ്ഥലങ്ങളിൽ ആനയെ ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ ആന പ്ലാന്റേഷൻ തോട്ടങ്ങൾ കടന്ന് കാട്ടിലേക്ക് കയറിയത് ദൗത്യത്തിന് തിരിച്ചടിയായി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ തന്നെ ആനയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾ നടത്തും.
ഇന്നലെ നടന്ന തെരച്ചിലിൽ മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞതോടെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ കണ്ടെത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഇന്നും ദൗത്യം തുടരാനുള്ള തീരുമാനം വനംവകുപ്പ് കൈക്കൊണ്ടത്. രാവിലെതന്നെ ആനയെ കണ്ടെത്താനായാൽ ഉച്ചയോടെ ദൗത്യം പൂർത്തീകരിക്കാം എന്നാണ് വനവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ സ്ഥലം നിർവചിക്കാനോ ആനയെ മയക്കുവെടി വെക്കാനോ സാധിച്ചിരുന്നില്ല. ക്യാമറകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇന്ന് നടക്കുന്ന തെരച്ചിലിൽ അനുകൂല സാഹചര്യമുണ്ടായാൽ ആനക്ക് ചികിത്സ നൽകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. ഇതോടെയാണ് തിരച്ചിൽ തുടരാനും ആനയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് ചികിത്സ ആരംഭിക്കാനും വനം വകുപ്പ് തീരുമാനിച്ചത്.
Story Highlights: The mission to provide treatment for the injured elephant in Athirappilly continues today.