അതിരപ്പിള്ളി◾: കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്നും അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ഈ വർഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുതെന്നും അദ്ദേഹം പറഞ്ഞു. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്.
മലയോര മേഖലയിൽ നിന്ന് ദിവസവും നടുക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. യഥാർത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം വിമർശിച്ചു. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി മാസത്തിൽ ഒരാഴ്ചയിൽ അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയതാണെന്നും എന്നാൽ ചെറുവിരലനക്കിയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ സർക്കാരിന്റെ നിസംഗത അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Opposition leader VD Satheesan criticizes the Kerala government’s inaction following wild elephant attacks in Athirappilly that claimed three lives in two days.