കന്യാകുമാരിയിൽ നടത്തിയ തെരച്ചിലിൽ പൊലീസിന് കാര്യമായ പുരോഗതി ഉണ്ടായില്ല. ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ തെരച്ചിൽ നടത്തിയത്. എന്നാൽ, കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. ഇതിനെ തുടർന്ന്, കന്യാകുമാരിക്ക് മുമ്പുള്ള സ്റ്റേഷനുകളിൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.
ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. 3.30 മുതൽ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരിശോധിച്ചത്. നിലവിൽ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. കന്യാകുമാരി ബീച്ചിലും ടൗണിലും ഉൾപ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചിൽ നടത്തുകയാണ്. ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയേക്കും.
Story Highlights: Police search for missing Assamese girl in Kanyakumari yields no clear leads