അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് കുളത്തിൽ ചാടി മരിച്ചു. തഫസുൽ ഇസ്ലാം എന്നയാളാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ കുളത്തിൽ ചാടിയത്. രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
14 വയസ്സുകാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ അബോധാവസ്ഥയിൽ കുളക്കരയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയെ ആദ്യം ധിങ്ങിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് നാഗോണിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ചില സ്ഥലങ്ങളിൽ പ്രതിഷേധം ഏറ്റുമുട്ടലുകളായി മാറി. പ്രതികൾക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രധാന ആവശ്യം. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക വിഭാഗത്തിൽപ്പെടുന്നവർ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നതായി കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Assam Minor Gang Rape Case: Prime Accused Jumps Into Pond To Escape Police Custody, Dies